മുണ്ടക്കയം: എൽഡിഎഫ് വികസനമുന്നേറ്റ മധ്യമേഖലാ ജാഥ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മുണ്ടക്കയം ബസ് സ്റ്റാൻഡ് മൈതാനിയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജോസ് കെ. മാണി എംപി ക്യാപ്റ്റനായുള്ള മധ്യമേഖലാ ജാഥയെ മുണ്ടക്കയം ഗവൺമെന്റ് ഹോസ്പിറ്റൽ ജംഗ്ഷനിൽ താളമേള അകമ്പടിയോടെ സ്വീകരിക്കും. തുടർന്ന് ബസ് സ്റ്റാൻഡ് മൈതാനിയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ ജോസ് കെ. മാണി, കെ.കെ. ശൈലജ ടീച്ചർ, പി.കെ. ബിജു, പി.പി. സുനീർ തുടങ്ങിയ ജാഥാ അംഗങ്ങളും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കെ.ജെ. തോമസ്, സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥൻ, സിപിഐ ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ, കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു, കെ. രാജേഷ്, ഒ.പി.എ. സലാം, സാജൻ കുന്നത്ത് തുടങ്ങിയവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കെ. രാജേഷ്, വി.ജെ. കുര്യാക്കോസ്, സാജൻ കുന്നത്ത്, ഉണ്ണിരാജ് പത്മാലയം, നിജാസ് എരുമേലി എന്നിവർ പങ്കെടുത്തു.